ചേർപ്പ്: ഗതാഗത ദുരിതത്തിന് പരിഹാരമായി കണിമംഗലം-പാലയ്ക്കൽ റോഡിന്റെ പ്രധാന നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. കഴിഞ്ഞ ജൂൺ 14ന് നിർമാണം ആരംഭിച്ച അഞ്ഞൂറ് മീറ്റർ റോഡ് പണി 60 ദിവസത്തിനകം പൂർത്തിയാക്കുമെന്നാണ് നിർമാണ കമ്പനിയായ കെഎസ്ടിപി അധികൃതർ ഉറപ്പുനൽകിയിരുന്നത്. 67ാം ദിവസം ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു.
കോൺക്രീറ്റിംഗ് ജോലികൾ നീണ്ടുപോയതിനെത്തുടർന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഗീതാ ഗോപി എംഎൽഎ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. അതിനുശേഷമാണ് നിർമാണം ദ്രുതഗതിയിലായത്.
റോഡ് തുറന്നുവെങ്കിലും പാലയ്ക്കൽ സെന്ററിലെ അപ്രോച്ച് റോഡുകൾ, കണിമംഗലം പാടം മുതലുള്ള റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് നിർമാണ പ്രവൃത്തികൾ എന്നിവ പൂർത്തിയാകാനുണ്ട്. ഈ ജോലികൾ പുരോഗമിക്കുകയാണ്.
റോഡ് ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം ഗീതാ ഗോപി എംഎൽഎ നിർവ്വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല അമീർ, അവിണിശേരി, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റുമാരായ റോസ്ലി ജോയ്, സിജോ ജോർജ്, കെഎസ്ടിപി അധികൃതർ, ബസ് ഓണേഴ്സ്, പോലീസ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡിൽ കടുത്ത പൊടിശല്യം ഉയർന്നിട്ടുണ്ട്.